2022, ജൂലൈ 11, തിങ്കളാഴ്‌ച

ഒരു സംവാദം


മാസ്ക്

 

ഇരു ചെവികളിലായി ഞാൻ പിടിച്ചീ

മുഖകമലത്തിനു സൗഖ്യമേകിടുമ്പോൾ

അതിനിടയിലിടിച്ചുകേറി വന്നെൻ

മുതുകിലമർന്നു വസിക്ക യോഗ്യമാണോ?

 

കണ്ണട

 

പറയുകിലൊരുപാടു കാര്യമുണ്ടെ-

ന്നറിയുക, ഭോഷ്കുരിയാടിടാതെ മാസ്കേ

ഇരുവരിഷമതിന്നു മുമ്പു വന്നോ-

നിരുപതിനോടു കളിച്ചിടേണ്ട തെല്ലും.

 

ഇരുചെവികളുമല്ല, മൂക്കു, വായും

കരഗതമാക്കി ഞെളിഞ്ഞിടുന്ന ദുഷ്ടാ

ഒരു ദിവസമണഞ്ഞിടും പ്രഭാതേ

നരകുലമൊന്നൊഴിയാതെ നിന്നെ മാറ്റും.

 

ചവറുകുഴിയിലാകെ നിൻറെ കൂട്ടർ

നിറയുമതിന്നിവനില്ല ശങ്ക തെല്ലും

ഹൃദി നിറയുമമൂല്യകാഴ്ച്ച കണ്ണിൽ

നിറയുവതിന്നിവനേകിടും സഹായം.



മാസ്ക്

 

മതി, മതി, യിനിയൊന്നു നിർത്തിടേണേ,

പരുഷഗിരം മതിയാക്കിടൂ സുഹൃത്തേ

ഇവനുടെ നിഗളിപ്പു കണ്ടു ശാപം

ചൊരിയുക വേണ്ട, കുനിച്ചിടുന്നു ശീർഷം.

 

കുറിയവനൊരു കീടമെങ്ങു നിന്നോ

വരുവതു മൂലമിവന്നു ജന്മമായി

ഒരു ദിവസമവന്നു പോയിടേണം

കരയുകവേണ്ടിവനൊപ്പമായ്ഗ്ഗമിക്കും.

 

അതുവരെയുമിരുന്നുകൊള്ളു, കീ ഞാൻ

തരുവതുമുണ്ടു നിനക്കു വേണ്ട താങ്ങും

ഇരുവരുമിനിമേലിലുള്ള കാല-

ത്തൊരുമയൊടൊത്തുരിയാടിടാം ഹസിക്കാം.

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ