2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഒരു യാത്ര - കവി കെ. സച്ചിദാനന്ദനൊപ്പം

(2019 സെപ്റ്റംബർ 30-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 


[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2019 സെപ്‌തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]

അന്നു വിളംബിതമായതിൻ മൂലമെൻ
ചിത്തത്തിലാശങ്കയായിരുന്നു
ശീഘ്രമായ് വാനത്തിൻ യാനത്തിലേറിഞാൻ
സ്വന്തമിരിപ്പിടം തേടീടവെ
കണ്ടു ഞാൻശാന്തമായെൻ മുഖം വീക്ഷിച്ചു
പുഞ്ചിരിക്കൊള്ളും കവിശ്രേഷ്ഠനെ
എന്താണീ മാനവനിത്ര തിടുക്കമെ-
ന്നോർത്തു ചിരിക്കുകയായിരുന്നോ?
 മുഖം പെട്ടെന്നു മുമ്പിലായ്‌ കാൺകെ ഞാ-
നൊന്നു പരുങ്ങിനിശ്ശബ്ദനായി
സച്ചിദാനന്ദനെ മുമ്പിലായ്‌ കാൺകെയെൻ
ചിത്തത്തിൽ പഞ്ചാരി മേളമായി
എങ്കിലുമൊന്നുമുരിയാടാനാകാതെ
പീഠo  ഗ്രഹിച്ചുപവിഷ്ടനായി

എങ്ങനെ കാണും കവിയെഉരിയാടും,
ഫോട്ടോയെടുത്തീടുമെന്നിങ്ങനെ
ഓരോരോ കാര്യങ്ങൾ ചിന്തിച്ചിരുന്നു ഞാൻ
ഒന്നും മനസ്സിൽ തെളിഞ്ഞുമില്ല

ആദ്യത്തെ കാഴ്ച്ചയിൽത്തന്നെ "നമസ്കാര"-
മെന്നൊന്നു ചൊല്ലിയിരുന്നുവെങ്കിൽ
രണ്ടാമതും കേറി മുട്ടുവാനിത്രയും
വേണ്ടായിരുന്നു സങ്കോച ഭാവം
എന്തു ചെയ്യാംപ്രധാനപ്പെട്ട വ്യക്തികൾ
എന്നുമെനിക്കുയരത്തിലത്രേ!

നേരിട്ടു ചെന്നങ്ങു മുന്നിലായ് നിന്നിട്ടു
ചൊല്ലുക വേണം "നമസ്കാരം സാർ"
കൗതുകം കൂറും മിഴികളോടെൻ മുഖം
നോക്കിയദ്ദേഹം പ്രതികരിക്കും
പുഞ്ചിരിയോടെ ശിരസ്സു കുലുക്കീടു-
മത്രയായെങ്കിലും നന്നു തന്നെ
"ഫോട്ടോയെടുക്കേണമങ്ങു തൻ കൂടെ"യെ-
ന്നൊട്ടു മടിയോടെ ചൊല്ലിടും ഞാൻ
വീണ്ടും ചിരിച്ചു നിമേഷങ്ങൾ ചിന്തിച്ചു
ചൊല്ലീടു "മെന്നെയറിയുമെന്നോ"
അൽപ്പവും കൂടി വിനയാന്വിതനായി
പുഞ്ചിരിയോടെ പ്രതികരിക്കും
"നാലരയായി ദശാബ്ദമീ ദില്ലിയിൽ
വന്നു പൊറുക്കാൻ തുടങ്ങിയിട്ട്
അങ്ങയെ ചെറ്റുമറിയാത്ത മാനവൻ
മാവേലി നാട്ടിൽ നിന്നല്ല തന്നെ"

ലേശം കുസൃതിയിൽ ചാലിച്ച വാക്കുകൾ,
"സോപ്പിൻ പത ലേശം കൂടിയല്ലോ!
"ആകട്ടെസമ്മതിച്ചീടുന്നു ഞാൻ,പക്ഷെ
താങ്കളെ തെല്ലുമറിയില്ലല്ലോ"

"എൻ പേർ ജയന്തനെന്നാ,ണകവൂരിനെ
നന്നായ് പരിചയപ്പെട്ടിരുന്നു
എത്രയോ പ്രാവശ്യമദ്ദേഹത്തിൻ ഗൃഹ-
മെത്തിയപ്പാദം നമിച്ചിരിപ്പൂ
എൻറെ ഗുരുവും വഴികാട്ടിയുമുറ്റ
സ്നേഹിതൻ കൂടിയുമായിരുന്നു"

ഇത്രയും കേൾക്കെ മസിലുകൾ തെല്ലൊന്ന-
യച്ചു വിട്ടീടും കവിപുംഗവൻ
എങ്കിലും സംശയം പിന്നെയും ബാക്കിയാ-
ണെന്നാ മുഖം വിളിച്ചോതിയേക്കാം
അപ്പോൾ ഞാൻ ചൊല്ലിടും, "നിർമ്മൽ ഭട്ടാചാർജി
തൻ കൂടെ ജോലി ഞാൻ ചെയ്തിട്ടുണ്ട്
രണ്ടര വർഷം നിയോഗി ബുക്സിൽ ജോലി
ചെയ്തു ഞാൻ നിർമ്മൽദാ തൻറെ കീഴിൽ"
ഇത്രയും കേൾക്കെ പരിചയമില്ലാത്ത
ഭാവം മറച്ചൊന്നു പുഞ്ചിരിക്കും
എൻ കൂടെ ഫോട്ടോയെടുക്കാൻ വിരോധമി-
ല്ലെന്നാ ചിരിയെന്നെ ബോധിപ്പിക്കും
എങ്കിലും ഫോട്ടോയെടുക്കാനനുവാദം
കിട്ടും വരെയും ഞാൻ കാത്തു നിൽക്കും
"ഫോട്ടോയെടുത്തോളൂ"യെന്നു കേട്ടാലുടൻ
മോനെ വിളിച്ചീടും, "കണ്ണാവരൂ"

ഇത്രയും ചിന്തിച്ചുറപ്പിച്ചു മോനോടു
ചൊല്ലി, "ശുചി മുറി പോയ് വരേണം"
പോയിത്തിരിച്ചു വരുമ്പോളദ്ദേഹത്തെ
കണ്ടു കാര്യങ്ങൾ പറഞ്ഞിടേണം

എൻറെ പ്രതീക്ഷയും ദൈവത്തിൻ തീർച്ചയും
രണ്ടു വഴിക്കായിരുന്നുപക്ഷെ

ശൗചാലയത്തിങ്കൽ നിന്നിറങ്ങീടവേ
കണ്ടു കവിശ്രേഷ്ഠൻ കാത്തു നിൽപ്പൂ
തെറ്റിദ്ധരിക്കേണ്ട, കാത്തതെന്നേയല്ല,
വാതിൽ തുറക്കുന്നതായിരുന്നു!

മുറ്റും നിരാശയോ,ടൊന്നും പറയാതെ
മെല്ലവേ പോയിയിടം പിടിച്ചു
സച്ചിദാനന്ദനോടൊന്നുരിയാടുന്ന-
തിഷ്ടമല്ലെന്നുണ്ടോ ദൈവങ്ങൾക്ക്?

രണ്ടു വിരലുകൾ നീട്ടിയൊന്നിൽ തൊടാൻ
ചൊന്നാലോ മോനോടുചിന്തിച്ചു പോയ്
“വേണ്ടെ”ന്നൊരു വിരൽ തന്നിലുറക്കുക,
“വേണ”മെന്നുള്ളതു മറ്റേതിലും
ഏതു വിരലിലാണാവോ തൊടുകെന്നു
ചിന്തിച്ചു നേരം കളഞ്ഞു വീണ്ടും

ചൂണ്ടുവിരലിൽ ഞാൻ "വേണ്ടെ"ന്നുറപ്പിച്ചു
"വേണ"മെന്നുള്ളതു മദ്ധ്യത്തിലും
മോനോടു ചൊല്ലുവാനായ് തുനിഞ്ഞീടവെ
മൈക്കിലശരീരി കേൾക്കുമാറായ്
"താമസിയാതെ നാം ദില്ലിയിലെത്തിടും
താഴേക്കിറങ്ങുവാനാരംഭിപ്പൂ
എല്ലാവരും സീറ്റു ബെൽറ്റുകൾ കെട്ടുക
 സീറ്റിൽ നിന്നാരുമെഴുന്നേൽക്കല്ലേ"!

സ്തബ്ധനായ്പ്പോയി ഞാനെന്തു ചെയ്യേണ്ടുഹാ
എൻ സ്വപ്നം സ്വപ്നമായ് ശേഷിച്ചല്ലോ!
സ്വപ്നം പ്രാവർത്തികമാക്കുവാൻ വേണ്ടതാം
സൂക്ഷ്മയത്നം പോലും ചെയ്തതില്ല

ഭാവിയിൽ വീണ്ടുമവസരം കിട്ടുകിൽ
നഷ്ടപ്പെടുത്തില്ലതീർച്ച തന്നെ.

പ്രഭാത സവാരി

By Agnes Monkelbaan - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=65994695

(2019 സെപ്റ്റംബർ 30-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 


"രാവിലെ നടക്കേണം", വിധിച്ചൂ വൈദ്യോത്തമൻ
കണ്ടുപോലെൻ രക്തത്തിൽ ജാസ്തിയായ് പഞ്ചസാര!
"മണിക്കൂറൊന്നെങ്കിലും തകൃതിയായ് നടക്കേണം
പ്രമേഹം നിയന്ത്രിക്കാൻ മാർഗ്ഗമൊന്നതേയുള്ളു"

വൈദ്യനോടൊട്ടല്ലഹോ തോന്നി ഹാദേഷ്യം, ശപ്പൻ!
ഇപ്രകാരം ചൊല്ലീടാൻ അയ്യാൾക്കിതെന്തേ തോന്നി?

ചൂടുകാലത്താണെങ്കിൽ വിയർപ്പിൽ കുളിച്ചീടും
എങ്ങനെ നടന്നീടുംചൊല്ലീടു സുഹൃത്തേ നീ
ശീതകാലത്താണെങ്കിൽ തലയും മൂടിപ്പുത-
റങ്ങാനെത്ര സൗഖ്യംസ്വർഗ്ഗവും നാണിക്കില്ലേ?

എന്നിട്ടുമദ്ദുഷ്ടനാം വൈദ്യനെങ്ങനെ ചൊല്ലീ
"മാർഗ്ഗമിതൊന്നേയുള്ളൂ പ്രമേഹം നിയന്ത്രിക്കാൻ"?

നടക്കാനിറങ്ങേണം സൂര്യോദയത്തിൻ മുമ്പേ
ആദിത്യദേവൻ നമ്മെ പാർക്കിലേ ദർശിക്കാവൂ
രോഗമല്ലിതു ദേഹം തന്നെയും ബാധിക്കുന്നോ-
രംഗ വൈകല്യമത്രെചൊല്ലുന്നൂ വിരുതന്മാർ

രാവിലെ എഴുന്നേൽക്കാൻ മടിച്ചു ശയിക്കവേ
പത്നി തൻ ശകാരങ്ങൾ തുളച്ചൂ കർണ്ണങ്ങളെ
"എഴുന്നേൽക്കുക വേഗം നടക്കാൻ പോയീടുക
വൈദ്യനിന്നലെ ചൊന്നതിപ്പൊഴേ മറന്നെന്നോ?
ഷഷ്ട്യബ്ദം കഴിഞ്ഞത്രേ, പറഞ്ഞിട്ടെന്തേ കാര്യം
ബാലരേക്കാളും കഷ്ടം, മടിക്കോ ചക്രവർത്തി!"

സഹിക്കാമെന്തിനേയും വെന്നിടാമെന്തിനേയും
ജായ തൻ ശകാരത്തെ വെല്ലുക കഷ്ടം, പക്ഷെ!

മെല്ലവേ എഴുന്നേറ്റുമൂളിയും ഞരങ്ങിയും
നടക്കാനായിപ്പോകാൻ കോപ്പു കൂട്ടിനേൻ ശീഘ്രം


കൊച്ചനുജത്തിക്ക് കൊച്ചേട്ടൻറെ ഷഷ്ട്യബ്ദപൂർത്തി ആശംസകൾ!

(2019 ജൂലൈ 30-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 

ഷഷ്ട്യബ്ദമായ് മമ കനിഷ്ഠ സഹോദരിക്കെ-
ന്നൊട്ടും വിചാരമിയലില്ല ഹൃദന്തരേ മേ
പൊട്ടിച്ചിരിച്ചു വിഹരിച്ചു വശം കെടുത്തും
കുട്ടിഗ്ഗിരീജയുടെ നന്മുഖമെൻ മനസ്സിൽ

ഓടീടുവാനഥ തിരക്കു പിടിച്ചു പള്ളി-
ക്കൂടേതിരഞ്ഞു പല നാൾകളിലന്നു ചീപ്പ്
പാടോടെ ഞാനതു തിരഞ്ഞു പിടിച്ചിടുമ്പോൾ
കൂടോടെ കണ്ടിടുമതിങ്കൽ മുടി പ്രവാഹം

ചൊല്ലേണമോ പുകിലു ഞാനതെടുത്തു കാട്ടി-
പ്പൊല്ലാപ്പു പിന്നെയുമണച്ചിടുമെത്രമാത്രം
തല്ലീടുവാനരിശമോടെയണഞ്ഞിടുമ്പോൾ
"ഇല്ലേ നിനക്കു ക്ഷമ?" അമ്മയിടക്കു കേറും

ക്രോധം മുതിർന്നവനു വന്നിടുകെങ്കിലെന്തു
യോധം തനിക്കിളയ സോദരിമാർക്കു നേരെ!
ആധിക്കു നീയടിമയായൊരു വേളയിങ്കൽ
ക്രോധിച്ചു വാതിലു കടിച്ചതുമോർമ്മയുണ്ടോ?

എൻ കൊച്ചു സോദരിയിതേറെ വളർന്നുവല്ലോ
തങ്കം കണക്കു ചെറു മക്കളു മൂന്നു പേരായ്
തൻ കാന്തനൊത്തു സസുഖം ദശവത്സരങ്ങൾ
പങ്കിട്ടു വാഴുവതിനീശ കടാക്ഷമുണ്ടാം

നിൻമക്കളൊത്തു മരുമക്കളുമൊത്തു പിന്നെ
നൻമുക്തമാം സുതതനൂജരുമൊത്തുകൂടി
സമ്മിശ്രമായ് സുഖ സമൃദ്ധികൾ നിന്നെ മൂടാൻ
ചെമ്മേ ശിവാത്മജയനുഗ്രഹമേകിടട്ടെ!


മംഗളാശംസകള്‍

(2017 സെപ്റ്റംബർ 25-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 

[എന്‍റെ അറുപതാം പിറന്നാളിന് (2014 ജൂലൈ)ഏട്ടന്‍
പി.കെ. ശ്രീധരന്‍ നമ്പൂതിരി 
സമര്‍പ്പിച്ച മംഗളാശംസകള്‍]  


മംഗളം നേരുന്നു ഞാന്‍ സോദരാ നിനക്കായി

ഷഷ്ട്യബ്ദം പൂര്‍ത്തിയാക്കുന്നീ ശുഭദിനത്തിങ്കല്‍
അറിഞ്ഞില്ലാണ്ടോരോന്നും പിന്‍‌തള്ളി കുതിച്ചതും
ഓര്‍ക്കുവാന്‍ സൗഭാഗ്യങ്ങള്‍ ധാരാളമുണ്ടാകട്ടെ

ഏട്ടന്റേമൊപ്പോളുടേം ആശീര്‍‌വാദവും പിന്നെ

പെങ്ങള്‍ തന്നാശംസയും ചൊരിയുന്നീ വേളയില്‍
അച്ഛനുമമ്മേം പോയി സ്വര്‍ഗ്ഗത്തിലിരിക്കുമ്പോള്‍
കാത്തു രക്ഷിക്കും തീര്‍ച്ച നമ്മുടെ കുഞ്ഞുങ്ങളെ

അച്ഛന്‍റെ വഴി വിട്ടു പോകാതെ നോക്കുന്നുണ്ട്

ഞങ്ങളെ അനുഗ്രഹിക്കില്ലയോ അമ്മേം കൂട്ടി?
എളിയ തുടക്കവും വലിയ പ്രയത്നവും
അമൂല്യ പങ്കാളിയും നിന്‍റെ ജീവിതം കാത്തു.

ചെയ്തിട്ടു മതി വന്ന ജോലിയും മതിയാക്കി

ജന്മവാസനയൊന്നു പുനരുദ്ധരിക്കുവാന്‍
കൂടുതല്‍ പഠിച്ചിട്ടും കൂടുതല്‍ പ്രയത്നിച്ചും
ചിന്തിച്ചു നിരീക്ഷിച്ചും മുന്നോട്ടു തന്നെ പോക്ക്

എഴുതിത്തെളിയൂ നീ ഉയരങ്ങളിലെത്തൂ

കുടുംബത്തിനും പിന്നെ നാടിനും വിളക്കാകൂ!

കാളരാത്രി

(2016 ജൂൺ 27-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 

അന്നു, പഞ്ഞയാം കര്‍ക്കടകത്തിലെ
മിന്നും മേഘങ്ങള്‍ പെയ്യുന്ന രാത്രിയില്‍
ഘോരമാരിക്കു സോദരിയെന്നപോല്‍
കൂരിരുട്ടിന്‍ കരാളമാം നൃത്തവും


അഗ്നി തൻറെ ജഠരം ദഹിപ്പിക്കെ
നിദ്ര കൈവിട്ടു പോയോരു വേളയില്‍
അമ്മ താതനെ തൊട്ടുണര്‍ത്തീ ജവാ-
ലിമ്മട്ടോരോന്നുരച്ചു തുടങ്ങിനാള്‍
"സൗഖ്യമോടെ ശയിപ്പതുമെന്തു നീ
ദുഖമെന്നുടെ കാണുന്നതില്ലയോ?

ഇന്നു രാവിലെ കപ്പ കഴിച്ചെന്നും
എന്നത്തെപ്പോല്‍ പകുതി വയറെന്നും
ഉച്ചക്കും പിന്നെ അത്താഴ നേരത്തും
വെള്ളം കൊണ്ടു ജഠരം നിറച്ചെന്നും

നീ മറന്നുവോ, കാന്ത, ചൊല്ലീടുക
എൻറെ കുംഭോദരത്തിലെ കുട്ടിയെ?
അൽപവുമെനിക്കന്നത്തിന്നാഹാരം
നല്‍കുവാനും നിനക്കാവതില്ലെന്നോ?

പത്തു മാസം തികഞ്ഞു പ്രസവിക്കാന്‍
വെമ്പി നില്‍ക്കുമീയെന്നുടെ വൈഷമ്യം
ഒട്ടുപോലും നിനക്കറിയില്ലയോ?
തൊട്ടു നോക്കുക നമ്മുടെ കുഞ്ഞിനെ"

എന്നു ചൊല്ലി കണവൻറെ കയ്യുകള്‍
തന്നുദരത്തിലമ്മ ചേർത്തീടവെ
സ്നേഹവാല്‍സല്യമോലുമാ സ്പർശനം
മോഹാല്‍ ഞാനന്നനുഭവിച്ചൂ ജവാല്‍

മുമ്പുമെത്രയോ വട്ടമീ സാമീപ്യം
എന്നെ ആശ്വസിപ്പിച്ചെന്നിരിക്കിലും
ഇന്നു താതൻറെ കൈകള്‍ പുണരവേ
മന്നിലെത്തുവാനെത്രയും വെമ്പലായ്

ഇക്കുടുസ്സുമുറിയില്‍ നിന്നെന്നെ നീ
വെക്കം മോചിപ്പിച്ചീടുക മാതാവേ
നിന്‍ മുഖമൊന്നു ദര്‍ശിക്കാന്‍, താതനെ
കാണ്മാനുമെനിക്കെത്ര തിടുക്കമായ്!

എന്‍ ക്ഷമയന്നു പാടേ നശിക്കവേ
പക്ഷം പാടേ തകര്‍ക്കാന്‍ ശ്രമിച്ചു ഞാന്‍
ചോദിച്ചാളമ്മ താതനോടീവിധം
"മത്തനായ പോലല്ലേ വികൃതികള്‍?

ഇക്കുരുന്നിനു വേണ്ടിയിട്ടെങ്കിലും
അൽപമന്നത്തിന്നാഹാരമേക നീ"
താതനൊന്നും മൊഴിഞ്ഞില്ല, മൂകനായ്
കട്ടില്‍ വിട്ടെഴുന്നേറ്റു പതുക്കവേ

അമ്മ കാണാ,തുടുത്ത വസ്ത്രത്തിൻറെ
കോന്തല കൊണ്ടു കണ്ണു തുടച്ചവന്‍
ൻറെയുള്ളിലെരിയുന്ന നെഞ്ചിനെ
എങ്ങനെ തണുപ്പിക്കുമറിയില്ല

ഏങ്ങിയേങ്ങി കരഞ്ഞിതു താതനും
ഈശ്വരാ കഷ്ടമെൻറെ വിധിയിതോ?
ൻറെ കൈ പിടിച്ചെന്നോടു കൂടിയീ
ജീവിതം പകുത്തീടുവാന്‍ വന്നവള്‍

മൂന്നു നേരവും മൃഷ്ടാന്നഭോജനം
ആവതോളം കഴിച്ചു ശീലിച്ചവള്‍
ഇന്നൊരു ലേശമന്നജലത്തിനായ്
കേഴുന്നൂ, താന്‍ മഹാപാപിയല്ലയോ?

പഞ്ഞക്കർക്കടകത്തില്‍ താന്‍ വേണമോ
ഈ നവശിശു ജന്മമെടുക്കുവാന്‍?
പണ്ടു നമ്മുടെ ഇക്കുടുംബത്തിലും
ൽപ  സ്വൽപം കൃഷി പതിവുണ്ടല്ലൊ

കിട്ടുമഞ്ചാറു ചാക്കു നിറച്ചു പു-
ന്നെല്ലതു മച്ചിലേറ്റാറുമുണ്ടല്ലൊ
ഒരു വല്‍സരം താണ്ടണമാറുപേ
ആറു ചാക്കിലെ നെന്മണി മൂലമേ

ഇത്തരത്തിലന്നച്ഛന്‍ സ്മരിക്കവേ
ആശയൊന്നങ്ങുദിച്ചു തന്‍ മാനസേ
ധൂമമേറെ വമിക്കുന്ന ദീപവും
പേറി മച്ചില്‍ കരേറിനാന്‍ താതനും

പണ്ടു തങ്ങളും ചെയ്തിരുന്നു കൃഷി-
യെന്നതിന്നുടെ ബാക്കിപത്രം പോലെ
മച്ചിലങ്ങിങ്ങു തൂളിക്കിടക്കുന്നു
നെന്മണികള്‍, ജനകന്നു തോഷമായ്

ഓരോ മുക്കിലും മൂലയിലും പോയി
ശേഖരിച്ചുപോലോരോരോ ധാന്യവും
കൊക്കിലോരോരോ ധാന്യം പറവകള്‍ 
ശേഖരിക്കും പോല്‍ താതനും ചെയ്തുപോല്‍

മച്ചിലില്ലിനി നെന്മണിയൊന്നുമേ-
യെന്നു തീര്‍ച്ച വരുത്തി ജനകനും
ധാന്യമില്ലൊരുരി പോലുമെങ്കിലും
ധന്യനായതുപോല്‍ തോന്നി മാനസേ

കിട്ടിയ നെല്ലിടങ്ങഴി കുറ്റിയി-
ലിട്ടു കുത്തിയരിയാക്കി സസ്മിതം
അമ്മ തൻറെ ഞരങ്ങലും മൂളലും
താതനുള്ളില്‍ പതിച്ചിടിത്തീയായി

"അൽപം കൂടി ക്ഷമിക്കുക, കുട്ടി ഞാ-
നെത്തിടുന്നിതാ കഞ്ഞിയുമായുടന്‍"
കുത്തിക്കിട്ടിയ ധാന്യമണികളെ
തീയിന്മേലെ കരേറ്റി കലത്തിലായ്

ജലമൊട്ടും മടിക്കാതെ തട്ടിനാന്‍
നാലു ഗ്ലാസ്സതിലൊട്ടും കുറക്കേണ്ട
തീയണഞ്ഞു പോകാതിരിക്കാനച്ഛ-
നന്നു കാവലിരുന്നു കലത്തിന്

അരി വെന്തു വരുന്നതിനൊപ്പമാ
മനമാകെ കുളിരണിഞ്ഞു പോലും
മുറ്റത്തൊക്കെ പരതീട്ടു കിട്ടിയ
പ്ലാവിലയൊരു കോരികയാക്കിനാന്‍

ഒന്നു പോലും വിടാതെയാ വറ്റുകള്‍
കിണ്ണം തന്നിലേക്കാക്കി പ്രിയതമന്‍
കണ്ണുനീരിൻറെ  ഉപ്പിനാല്‍ ചാലിച്ചു
തന്‍ പ്രിയതമക്കേകി മഹാരഥന്‍

ആവി പാറുന്ന കഞ്ഞി ദര്‍ശിക്കവേ
തൂകിനാളൊട്ടൊരാഹ്ലാദ കണ്ണുനീ
ർത്തിയോടെ കുടിക്കുവാനായിട്ടു
ചുണ്ടിനോനടുപ്പിച്ചുപോല്‍ പ്ലാവില

ഒന്നു നിർത്തി, തന്‍ കാന്ത വദനത്തി-
ലൊന്നു നോക്കി ചിരിച്ചു ചൊല്ലീടിനാള്‍
"സ്നേഹമൊട്ടു നിറഞ്ഞൊരിക്കഞ്ഞി തന്‍
പാതിയങ്ങു കുടിച്ചിട്ടു തന്നാലും

പാതി കൊണ്ടു വയറു നിറയുമെന്‍
കാന്ത, കഞ്ഞി നമുക്കു പകുത്തിടാം"
തന്‍ പ്രിയതമ തന്നുടെ വാക്കുകള്‍
കേട്ടു കള്ളം പറഞ്ഞിതന്നച്ഛനും

"കുട്ടിയൊട്ടും വിഷമിച്ചിടേണ്ട, ഞാന്‍
പാതിയാദ്യമേ മാറ്റി വച്ചില്ലയോ?"
ഭള്ളു ചൊല്ലിയ താതൻറെ വാക്കുകള്‍
അന്നൊരൽപം പതറിയിരുന്നുവോ?

നീ കുടിക്കുകിക്കഞ്ഞി മുഴുവനും
എന്നു ചൊല്ലി പുറത്തിറങ്ങീടിനാന്‍
തൻറെ ദുഖത്തിന്‍ ബാഷ്പ ശകലങ്ങള്‍
തന്‍ പ്രിയതമ കാണേണ്ടതില്ലല്ലൊ

കഞ്ഞി വെള്ളമമൃതായ് ഭവിക്കുമെ-
ന്നമ്മയന്നു തിരിച്ചറിഞ്ഞീടിനാള്‍
അഗ്നിയല്പം ശമിച്ചൂ ജഠരത്തില്‍
സൗഖ്യമോടെയന്നമ്മയുറങ്ങിനാള്‍

*******

അന്നു നാലു മണിക്കു പ്രഭാതത്തില്‍
ഞാന്‍ ജനിച്ചു, കരഞ്ഞു, ഭയത്തിനാല്‍