2023, മാർച്ച് 4, ശനിയാഴ്‌ച

കഴുതയും രാജാവും

(ആശയത്തിന് സമൂഹമാദ്ധ്യമത്തിൽ കണ്ട ഒരു പോസ്റ്റിനോട് കടപ്പാട്. ആരാണു കർത്താവെന്നറിയില്ല. അതു ഗദ്യത്തിലായിരുന്നു, ഈയുള്ളവൻ അത് പദ്യത്തിലാക്കി, അത്രയേയുള്ളൂ. ഇതിൽ വേറെ അർത്ഥമൊന്നും കാണരുതെന്നപേക്ഷ.)
 
പണ്ടു ഭൂപതിയൊരിക്കൽ രാജ്യഭരണവ്യഥയ്‌ക്കൊരു വിരാമമായ്-
ക്കണ്ടു മാർഗ്ഗമിതു മീൻപിടിക്ക, തരമാക്കി കേമമൊരു ചൂണ്ടയും
കൊണ്ടൽ കണ്ടു മഴ തൻറെ സാദ്ധ്യതയരക്ഷണത്തിലറിയിക്കുവാൻ
മണ്ടിയെത്തി സമയസ്ഥിതിപ്രമുഖനോതി,"യില്ല മഴ, മന്നവാ."
 
പാർത്ഥിവൻ പ്രിയയുമൊത്തുടൻ തുരഗമേറിയോടി തടിനീതലേ
എത്തിയില്ല വഴി പാതിപോലു, മഥ കണ്ടു ദാശനതിദുഃഖിതൻ
ഗർദ്ദഭച്ചുമലിലേറിയശ്രു കിനിയും മിഴിദ്വയവുമായിതേ
പോയിടുന്നു ഭവനത്തിലേ, ക്കവനെ നിർത്തി രാജകുലധീവരൻ.
 
"എന്തിനേ തിരികെയോടിടുന്നു, ഝഷമൊട്ടുമില്ല തവ കൂടയിൽ?"
ചൊല്ലി ദാശനതിയായ ഖേദമൊടു, "രാജ, വർഷമതു വന്നിടും".
"വർഷമൊന്നുമണയില്ലയെന്നു ദൃഢമായുറപ്പിത തരുന്നു ഞാൻ
ചൊന്നതാരു? സമയസ്ഥിതീപ്രമുഖ,നില്ലയിന്നു മഴ, നിശ്ചയം!"
 
ഒന്നു ഗർദ്ദഭനിരീക്ഷണത്തിനിടനൽകിയായവനനുത്തരം
വീട്ടിലേയ്ക്കു നട കൊണ്ടു, മന്നവനിരച്ചുപാഞ്ഞു പുഴ നോക്കിയും
ചൂണ്ടതന്നിലിര ചേർത്തു തോയമതിലിട്ടു ഭൂപതിയിരിക്കവേ
ആർത്തലച്ചു വരവായി മാരി, തിരികെഗ്ഗമിച്ചു നൃപപത്നിമാർ.
 
കൊട്ടാരത്തിൽ കടന്നാൻ നൃപവരനുടനെക്ക്രുത്തിനാലന്ധനായി-
ത്തീട്ടൂരത്താൽ കൊടുത്തൂ പ്രമുഖനുടെ കരം തന്നിലാ ടെർമിനേഷൻ
ഒട്ടും വൈകിച്ചിടാതേ നൃപനവിടെ വരുത്തീ മഹാൻ ധീവരന്നെ-
പ്പാട്ടും പാടിക്കൊടുത്തൂ പ്രമുഖനുടെ പദം, "നീയിതിന്നെത്ര യോഗ്യൻ!"
 
തീട്ടൂരം കിട്ടി, യെന്നാലതികഠിന ഭയം മൂലമാ ദാശവീരൻ 
പൊട്ടിച്ചൂ തൻ രഹസ്യം, "പ്രവചനമതു തൻ ഗർദ്ദഭം തൻറെയത്രേ!
പൊട്ടന്മാരെന്നപോലേ ചെവികളിരുവതും താഴ്ത്തിയിട്ടെന്നുവന്നാൽ
കട്ടായം വർഷമുണ്ടാം, ചെവികൾ മുകളിലേക്കെങ്കിലോ മാരിയില്ല!"
 
രാജൻ സന്തോഷമോടേ ഖരവരനെയുടൻ നിശ്ചയിച്ചൂ, നയിക്കാൻ
കാലാവസ്ഥയ്ക്കു വേണ്ടുന്നൊരു ഭരണവകുപ്പിൻറെ നൽസ്തംഭമായി
അന്നാ രാജൻ തുടങ്ങീ ഹരവരനെയഹോ മന്ത്രിയാക്കീടുവാന-
പ്പാരമ്പര്യം നശിക്കാതതികഠിനതരം കാത്തിടുന്നിന്നു നമ്മൾ.
 

**************

രാജ്യഭരണ ചുമതലകൾ നിറവേറ്റി മടുത്തപ്പോൾ അൽപ്പം വിനോദത്തിനായി രാജാവ് നദിയിൽ നിന്ന് മീൻ പിടിക്കാൻ പോകാൻ തീരുമാനിച്ചു. അന്ന് മഴ പെയ്യാൻ സാധ്യത ഉണ്ടോ എന്നറിയാൻ കൊട്ടാരത്തിലെ ആസ്ഥാന കാലാവസ്ഥാ വിദഗ്ദനെ വിളിപ്പിച്ചു.

കാലാവസ്ഥാ വിദഗ്ധൻ അന്ന് മഴ പെയ്യാൻ ഒരു സാധ്യതയും ഇല്ലെന്ന് രാജാവിന് ഉറപ്പ് നൽകി.

രാജാവ് രാജ്ഞിയും ഒത്ത് കുതിരപ്പുറത്ത് കയറി മീൻ പിടിക്കാൻ നദീതീരത്തേക്ക് യാത്രയായി.

പോകുന്ന വഴിയിൽ ഒരു മുക്കുവൻ ചൂണ്ടയും കൊണ്ട് കഴുതപ്പുറത്ത് എതിരെ വരുന്നത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം അയാളോട് എങ്ങിനെയുണ്ട് മീൻ പിടുത്തം എന്ന് അന്വേഷിച്ചു.

അയാൾ മറുപടി പറഞ്ഞു: തിരുമേനീ, അങ്ങ് കൊട്ടാരത്തിലേക്ക് തിരിച്ചു പോകണം. കാരണം ഉടൻ തന്നെ വലിയൊരു കൊടുങ്കാറ്റും പെരുമഴയും വരാൻ പോകുന്നു."

രാജാവ് പറഞ്ഞു: "എന്റെ ആസ്ഥാന കാലാവസ്ഥാ വിദഗ്ധൻ വിഷയത്തിൽ ഉന്നത ബിരുദം നേടിയ ആളാണ്. ഞാൻ നല്ല ശമ്പളം കൊടുത്താണ് അയാളെ ജോലിക്ക് വെച്ചിരിക്കുന്നത്. അയാൾ എനിക്ക് ഇതിന് നേരെ വിപരീതമായ ഒരു കാലാവസ്ഥാ പ്രവചനം ആണ് നൽകിയത്. എനിക്ക് അയാളെ നല്ല വിശ്വാസം ഉണ്ട്"

രാജാവും രാജ്ഞിയും നദിയിലേക്കുള്ള യാത്ര തുടർന്നു.

പക്ഷെ അധികം താമസിയാതെ തന്നെ കൊടുങ്കാറ്റും പെരുമഴയും ഉണ്ടായി, രണ്ടുപേരും നനഞ്ഞു കുതിർന്ന് കൊട്ടാരത്തിൽ തിരിച്ചെത്തി.

കുപിതനായ രാജാവ് ആദ്യം തന്നെ ആസ്ഥാന കാലാവസ്ഥാ വിദഗ്നെ പിരിച്ചു വിടാനുള്ള ഉത്തരവ് കൊടുത്തു.

അതിന് ശേഷം മുക്കുവനെ വരുത്തി ആസ്ഥാന കാലാവസ്ഥാ വിദഗ്ധന്റെ ജോലി അയാൾക്ക് ഓഫർ ചെയ്തു.

മുക്കുവൻ പറഞ്ഞു: "തിരുമേനി, എനിക്ക് കാലാവസ്ഥയെ കുറിച്ച്ഒന്നും അറിയില്ല. ഞാൻ എന്റെ കഴുതയിൽ നിന്നാണ് കാലാവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നത്. കഴുതയുടെ ചെവി താഴ്ന്ന് കിടന്നാൽ അന്ന് തീർച്ചയായും മഴ പെയ്യും. ഉയർന്ന് നിന്നാൽ നല്ല കാലാവസ്ഥയും ആയിരിക്കും"

രാജാവ് കഴുതയെ ആസ്ഥാന കാലാവസ്ഥാ വിദഗ്ധനായി ഉയർന്ന ശമ്പളം നൽകി നിയമിച്ചു.

അങ്ങിനെയാണ് കഴുതകളെ സർക്കാരിലെ പ്രധാന ജോലികളിൽ നിയമിക്കുന്ന പതിവ് തുടങ്ങിയത്.

ഇന്നും പാരമ്പര്യം തുടരുന്നു.....😂

നാം 23 - നമ്പൂതിരി മഹാസംഗമം

26 02 23

നാം ട്വന്റിത്രീ നടപ്പു, ബ്രാഹ്മണസമൂഹത്തിൻ മഹാസംഗമം
എത്തീടേണമതിന്നുവേണ്ടിയതിയുത്സാഹത്തോടേയേവരും
വട്ടം കൂടിയിരുന്നു നാട്ടിലെ വിശേഷങ്ങൾ പറഞ്ഞൂറ്റമായ്‌
നാലും കൂട്ടി മുറുക്കി വണ്ടി കയറാൻ നോക്കേണ്ട, സാധിക്കൊലാ.
  
നമ്പൂരാർക്കു വിധിച്ച കാര്യമഖിലം ചർച്ചക്കു വന്നീടുമേ
പെമ്പിള്ളേർക്കു വരൻ, വരന്നു വധുവും കിട്ടാത്തതെന്താകുമോ?
വ്യാപാരത്തിനിറങ്ങുവാൻ മടി, യതും തങ്ങൾക്കു പറ്റില്ലയോ?
പൂജാ, തന്ത്ര, മിതമ്പലം, സകലതും ചർച്ചക്കു പൊന്തിച്ചിടാം.*
  
പോരാ, മത്സരമേറെയുണ്ടു കുസൃതിക്കുഞ്ഞുങ്ങൾ തൻ പുഞ്ചിരി,
കൈകൊട്ടിക്കളി, പാ, ട്ടതും പലവിധം, നൃത്തം, പ്രസംഗം, പടം,
ഡബ്സ്മാഷുണ്ടു, കുടുംബസെൽഫി, കവിതാപാരായണം, ശ്ലോകവും,
പെയിന്റിംഗ്, എന്തിനി,യോതിടേണ്ടു, സഖരേ, യാദ്ധ്യാത്മികഭാഷണം.*
 
 മെയ് പത്തോടൊരു മൂന്നു കൂട്ടുക, ശനീ നാളിൽ കരേറും കൊടി-
പ്പിറ്റേന്നാൾ, പതിനാലിനത്രെ കൊടിയെത്താഴേയ്ക്കിറക്കുന്നതും 
നെല്യക്കാട്ടു ഹരീ, ഭവാൻറെ പ്രതിഭാശക്തിക്കു കൂപ്പുന്നു ഞാൻ
സന്തോഷിന്നുടെ നേതൃപാടവമതിൻ മുമ്പിൽ നമിപ്പേനഹം.
  
കാസർക്കോടു മുതൽക്കു കേരളതലസ്ഥാനം വരേയ്ക്കുള്ള ന-
മ്പൂരാരൊത്തൊരുമിച്ചു കൂടുമതിലേക്കെത്തേണമെല്ലാവരും
“നാം ട്വന്റീത്രീ ചമച്ചിടും ചരിതമീ രാമൻറെ പൊൻനാട്ടി”ലെ-
ന്നൂറ്റത്തോടെ പറഞ്ഞിടൂ സഹജരേ, "ഞാൻ പോയിടു"ന്നെന്നതും!
  
എല്ലാം നന്നായ് നടക്കാ, നരിതരമധുരം നാവിൽ മായാതിരിക്കാൻ,
എന്നെന്നും മാനസത്തിൽ സ്മരണകളുണരാ, നോർത്തു സംതൃപ്തരാകാൻ
നെല്ല്യക്കാട്ടമ്മ, ദേവീ, തവ മൃദുഹസിതാൽ, ചഞ്ചലാക്ഷക്കടാക്ഷാൽ,
നിൻ പാദം കുമ്പിടുന്നിത്തനുജരെ, വരദേ, കാത്തുരക്ഷിക്ക തായേ!
 
---------
* ഇത് ശ്ലോകകർത്താവിൻറെ ഭാവനയാണ്. പരിപാടികളുടെ വിശദവിവരം അറിയാൻ ഭാരവാഹികളുമായി ബന്ധപ്പെടുക! 

2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഗായത്രിക്കൂട്ടായ്മ

23-08-2022


ദില്ലിയിൽ നമ്മളന്നൊരുമിച്ചു കൂടി

ഗായത്രിയെന്നൊരു സംഘമുണ്ടാക്കി

വിരമിച്ചവർ നമ്മൾ മലയാളനാട്ടിൽ

ഗായത്രിക്കൂട്ടായ്മ നട്ടു വളർത്തി.

 

ഗായത്രി മന്ത്രത്തെയുരുവിട്ടു നമ്മൾ

സ്നേഹസൗഹാർദ്ദത്തെ നീളെപ്പരത്താം

ഒരു ജന്മമാകവേ ദില്ലിയിൽ തീർത്തൂ

ഇനിയുള്ള ജീവിതം മലയാളമണ്ണിൽ.

 

ഗായത്രിക്കൂട്ടായ്മയെന്നും വിളങ്ങും

നമ്മിലെ സ്നേഹത്തെ വീണ്ടും വളർത്തും

സൗഖ്യദുഃഖങ്ങളെ വീതിച്ചെടുക്കാം

സൗഭാഗ്യമെന്നുമേ നമ്മുടേതാക്കാം.

 

കാടുകൾ, മേടുകൾ, തോടുകളെപ്പോൽ

ഹരിതാഭയാർന്നൊരു മാമലക്കൂട്ടം,

നദികൾ, കിളികൾ, കുളുർകാറ്റുമെല്ലാം

കൈയാട്ടി മാടി വിളിക്കുന്നു നമ്മെ.

 

ഭൂദേവി കൈവച്ചനുഗ്രഹം നൽകി

ദൈവത്തിൻ സ്വന്തമാം നാട്ടിൻ ശിരസ്സിൽ

മലയാളമണ്ണിൻറെ ഗന്ധം ശ്വസിക്കാം

മലയാളനാടിനെ പുൽകിയുറങ്ങാം

 

ഗായത്രിക്കൂട്ടായ്മ പൂത്തു തളിർക്കാൻ

ഈശ്വരനെന്നുമനുഗ്രഹിക്കട്ടെ!

ഗായത്രിക്കൂട്ടായ്മയെന്നെന്നും വാഴാൻ

ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!

 

ഗായത്രിക്കൂട്ടായ്മയെന്നെന്നും വാഴാൻ

ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!

 

ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!

 

2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ക്ഷമിക്കണം കൂട്ടരെ

 27-01-22

 

ക്ഷമിക്കണം കൂട്ടരെ, നിങ്ങളാരും

പഴിച്ചിടൊല്ലിച്ചെറു സാധു തന്നെ

കുറെത്തിരക്കായതിനാലെയൊന്നും 

കുറിച്ചതില്ലൊന്നുമെ പോസ്റ്റിയില്ല.

 

"ഇടയ്ക്കിടെ ഗ്രൂപ്പിതിൽ വന്നു പോണം,

കുറിച്ചതെന്താകിലുമിട്ടിടേണം"

പറഞ്ഞതെന്നോർമ്മയിലുണ്ടു പക്ഷേ

കരത്തിലെൻ, നിൽക്കുവതല്ല കാര്യം.

 

കുറിച്ചുവച്ചിട്ടൊരുപാടു നാളാ-

യൊരൊന്നുരണ്ടെണ്ണമിരിപ്പതുണ്ട്

അതിന്നടപ്പൊന്നു വിടുർത്തിയെന്നാൽ

വളിച്ചു നാറും, ഭയമേറെയുണ്ട്.

 

മഹത്തമാം ഗ്രൂപ്പിതിൽ നിന്നുമെന്നെ-

പ്പുറത്തിറക്കാൻ തുനിയുന്നുവെങ്കിൽ

ഒരാഴ്ച്ച മുമ്പേയറിയിക്ക വേണം

രചിച്ചിടാൻ, പോസ്റ്റിടുവാനുമായി. 

2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

മുഖപുസ്തകസന്ദേശങ്ങൾ

 

ആഹ ഗംഭീരമായല്ലോ

പപ്പടം കാച്ചിടും കഥ

പപ്പടം കാച്ചി ഞാൻ കൂട്ടി

ഗുരുവിന്നിതു വന്ദനം.

***

താടിയും കേശവും ലേശം

പോലുമില്ലാത്ത കൃഷ്ണനും

താടിയും കേശവും മേഘം

പോലെ മിന്നുന്ന കൃഷ്ണനും

 

എങ്കിലും രണ്ടു കൃഷ്ണന്മാർ-

ക്കുണ്ടു കണ്ണിന്നു കണ്ണട

വായിലൂറും പാൽപ്പുഞ്ചിരി-

ക്കേകിടാം മാർക്കു നൂറു താൻ!

16-7-22

 

ഇന്നുമെന്നും സൗഖ്യമേകും

ദിനങ്ങൾ വന്നുചേരുവാൻ

ഈശ്വരന്നോടു പ്രാർത്ഥിക്കാ-

മതുതാൻ രക്ഷ നൽകിടും.

17-7-22

 

പിറന്ന നാൾക്കു താങ്കൾ തീർത്ത കാവ്യമേറെ സുന്ദരം,

പറഞ്ഞിടുന്നു നന്ദി കൂപ്പുകൈകളോടെ സാദരം

കുരുന്നു പാദ,മാണിവൻറെ,യൊട്ടു വേച്ചുപോവുകിൽ 

മറിഞ്ഞു വീണു പോവതിന്നു മുമ്പെയൊന്നു താങ്ങണേ!

 

ജയന്തനെന്ന നാമമാണെനിക്കു, കേശവൻ പിതാ

തിരിഞ്ഞു പോയി നാമയുഗ്മമെങ്കിലോ ക്ഷമിക്കണേ!

ഇനീഷ്യലൊന്നു നീട്ടിയപ്പോളങ്ങനേ ഭവിച്ചുപോയ്

നികേതനം, പിതാ, തുടർന്നിവൻറെ നാമമായതും.

23-7-22

 

വർഷമഞ്ചു കഴിഞ്ഞാലും

ഓർമ്മകൾക്കെന്തു സൗരഭം

പിന്തിരിഞ്ഞൊന്നു നോക്കുമ്പോൾ

കാണാമഞ്ചിത കാഴ്ചകൾ!

24-7-22

2022, ജൂലൈ 11, തിങ്കളാഴ്‌ച

കവിതാസ്വാദനവേദി

[ജനിക്കുന്നതിനുമുമ്പു മരിച്ച ഒരു കവിതാസ്വാദനവേദിയുടെ ഓർമ്മയിൽ എഴുതിയത്]


തകർന്നിടുന്ന വേദി തന്നിലുള്ള നമ്മളേവരും

ഭയന്നിടുന്നു, വീണുവെങ്കിലോ പരിക്കു നിർണ്ണയം

നമുക്കുവേണ്ടി നമ്മളൊക്കെയാകുവിൻ സഹായിമാ-

രൊരൊറ്റ ഹസ്തമാകിലെന്തതേകുമേറെ ശക്തിയെ.

 

നമുക്കുവേണ്ടി നമ്മളൊത്തു തീർത്തൊരിസ്ഥലത്തു നാം

രചിച്ചിടാം, പഠിച്ചിടാം, വിചിന്തനം നടത്തിടാം

വിളക്കു വച്ചു നെയ്യൊഴിച്ചു വർത്തിയിട്ടു, കഷ്ടമേ

കൊളുത്തിടുന്നതിന്നു മുമ്പണഞ്ഞു പോയിടുന്നുവോ?

 

പറഞ്ഞിടേണമൊറ്റ വാക്കു നമ്മളേകരല്ലയോ

നമുക്കു ശക്തിയേകുവാൻ മടിച്ചിടാതുരയ്ക്കുവിൻ

അതല്ല, മൗനമാണു നമ്മളാചരിപ്പതെങ്കിലോ

തകർന്നുവീഴുമീയരങ്ങു കൂട്ടരേ, സുനിശ്ചിതം!  

 * * * * * * * * * *

ഏറെ പ്രതീക്ഷകളുയർത്തിയ കാവ്യസൂത്രം

പേറിന്നു മുമ്പു യമലോമണഞ്ഞു കഷ്ടം!

ആചാര്യരേറെ നിവസിച്ചിടുമിഗൃഹത്തിൽ

കണ്ണീർ പൊഴിപ്പത്തിനുമില്ലൊരു നേത്രമെന്നോ?

 

അന്നീ ഗൃഹാങ്കണമതിങ്കൽ സുലക്ഷ്യമോടേ

പൊന്തിച്ച 'വേദി', ഹ, തരിപ്പണമായിയല്ലോ!

തന്നസ്തിവാരമതിനൊന്നു ബലം കൊടുക്കാ-

നെന്തേ മടിച്ചു? ഹ!ഹ! തോറ്റിടുകില്ല, യെന്നാൽ.     

വിവാഹ മംഗളാശംസകൾ

09 സെപ്റ്റംബർ 2017

 

പൊത്തോപ്പുറത്തു ദ്വിജനാകിയ ശ്രീധരന്നും

പാലായിലുത്തരമഠത്തിലെ ഗീതയാൾക്കും

ജാതൻ, മിടുക്കനതികോമളനായിടുന്ന

"ശ്രീദേവ്"നാമധര കണ്ണനു മംഗളങ്ങൾ!

 

തെക്കല്ലയാത പറവൂരിലു "കൃഷ്ണഗീതേ"

ശ്രീകൃഷ്ണ-ഗീതസുത സുന്ദരി സൗകുമാരി

ചെന്താമരയ്ക്കു സമമാകുമി "നീരജ"യ്ക്കി-

ന്നെന്നുള്ളിൽ നിന്നൊഴുകിടും ശുഭമംഗളങ്ങൾ! 

 

ശ്രീദേവിനും ദയിതയാകുമി നീരജയ്ക്കും

ഉത്തുംഗഭാഗ്യ, സുഖ, ലീല, വിലാസ  ഭാവി

നേടീടുവാൻ പശുപതീശിഖജാത,  തൻറെ

വാത്സല്യപൂരിത കടാക്ഷമയച്ചിടട്ടെ!



നവവത്സരാശംസകൾ - 2020

01-01-2020

 

"വരുന്നു ഞാൻ വസുന്ധരേ, വരത്തനായൊരെന്നെ നീ

കരുത്തനായ് വളർത്തിടേണമോമനിച്ചു നിത്യവും

കരച്ചിലും പിഴിച്ചിലും മനസ്സിലുള്ള വിങ്ങലും

വരുത്തിടാതെ നോക്കിടേണമെന്നെ നീ ദയാനിധേ.

 

എനിക്കു വേണമെപ്പൊഴും കരുത്തിയന്ന സൗഹൃദം,

മനസ്സിലെൻറെ, നിത്യവും കുമിഞ്ഞിടട്ടെ ശാന്തിയും

നിനച്ചിടാവു നിങ്ങളെൻറെയാഗമം സുഭിക്ഷമായ്-

ദ്ദിനം കഴിച്ചു കൂട്ടുവാനുപാധിയായി മാത്രമേ.

 

നിറങ്ങളേതുമായിടട്ടെ കാവി, പച്ച, മഞ്ഞയോ,

കറുപ്പു, നീലയോ, ചുവപ്പു, വെള്ള, പിങ്കു, ചാരമോ,

മറന്നു നാം കുതിച്ചിടേണമേതു വർണ്ണമാകിലും

ധരിക്ക രക്തമാരിലും ചുവപ്പു തന്നെയാണഹോ.

 

പരൻറെ സ്വത്തു സ്വന്തമാക്കിടേണമെന്നൊരിച്ഛയാൽ

കരത്തിലേന്തിടുന്നു കത്തി, കാരിരുമ്പു, തോക്കുകൾ

ഹരിച്ചു നേടിടും ധനത്തിലൊട്ടു പോലുമെങ്കിലും

ഹരിക്കു മുമ്പിലെത്തവേ നമുക്കു സൗഖ്യമേകിടാ.

 

മനസ്സിലേ വെറുപ്പ, സൂയ, കോപ, മീർഷ്യയൊക്കെയും

ഹനിച്ചു ലോകമാകവേ പരത്തു ഹാർദ്ദ സാഗരം

എനിക്കു ദേവദേവനായ്ക്കനിഞ്ഞു തന്നൊരായുവിൽ

കിനിഞ്ഞിടട്ടെ മോദവും കളങ്കമറ്റൊരിഷ്ടവും."

 

****** ****** ******* ******* ******* *******

രണ്ടായിരത്തിരുപതാമതു വത്സരത്തേ

മിണ്ടാതെ നിന്നു വരവേൽക്കുകയല്ല വേണ്ടൂ

ചെണ്ടക്കു കൊട്ടുക, കുഴൽവിളി നാദമോടേ

കൺഠം നിറഞ്ഞു വരുമാരവമോടെ വേണം.

 

എന്നാകിലും ചിലതു ചൊല്ലുക വേണമല്ലോ

നന്നായ് സ്മരിക്ക, വിട വാങ്ങിയ വത്സരത്തേ

കണ്ണീരു കൊണ്ടൊരു തടാകമുയർത്തിടേണ്ടാ

ഒന്നെങ്കിലൊന്നു, മിഴിനീർക്കണമിറ്റിടട്ടേ.

 

എന്നെന്നും നിന്നോടൊപ്പം

 8 ഫെബ്രുവരി 2021


എങ്ങോട്ടാ, ണെന്തിനാണെന്നൊരു ചെറു വിവരം പോലുമില്ലാത്ത വ്രജ്യേ,

വിങ്ങീടും മാനസത്തോടൊരു വഴി തെളിയാനായി മോഹിച്ചു നിൽക്കേ,

തിങ്ങീടും തോഷമോടേയൊരു പെരുമഴയായെത്തി നീ സൈകതത്തിൽ

പൊങ്ങീടും സ്നേഹവായ്പാൽ പുളകിതശിഖരത്തിങ്കലന്നെത്തി നമ്മൾ.


പിന്നീടും യാത്ര ചെയ്തൂ പലവഴി, പലരെക്കണ്ടു നാമേകഹൃത്താൽ

മൂന്നത്രേ മക്കളുണ്ടായ്, നടുവിലെ സുതയേ വിഷ്ണു കൈപ്പറ്റിയല്ലോ

എന്നാളും തോഷമേകാൻ തനയരിരുവരെത്തന്നു വിശ്വേശ്വരൻ, മു-

ക്കണ്ണൻ തന്നിംഗിതത്താൽ ജനിതനൊരുവനെപ്പൗത്രനായ്ലഭ്യമായീ.


ദ്യോവോളം പ്രേമമൊന്നായിടതടവറിയാതേകി നാമെന്നുമെന്നും

ആവോളം സൗഖ്യമോടേയിരുവരുമൊരുമിച്ചാസ്വദിച്ചൂ ഋതുക്കൾ

ഭീ വായ്ക്കും ജീവിതത്തിന്നിടയിലിടറവേയെൻറെ കൈ നീ പിടിച്ചൂ

താവാറ്റാനെന്നുമെന്നും, തവ പരിചരണം ചെയ്യുവാൻ, ഞാനുമുണ്ടാം.


വക്കാണം തീരെയില്ലെന്നൊരു ഗിരമുര ചെയ്തീടുകില്ലെങ്കിലും കേൾ

നിൽക്കാതേ പെയ്തുപോകുന്നൊരു ചെറുമഴയായ്ത്തീരുമാ ശാഠ്യമെല്ലാം

ഒക്കില്ലാ നീയെനിക്കോ പ്രിയതമയതിനാൽ ശണ്ഠയിട്ടീടുവാനായ്

മക്കില്ലാ നിന്നൊടുള്ളോരിവനുടെ പ്രണയം ജീവിതാന്ത്യം വരേയ്ക്കും.


എന്നേയ്ക്കുമായിരു മനസ്സുകളേകമായി-

ട്ടിന്നേക്കു നാലു ദശവത്സരമായി പൂർണ്ണം

കുന്നോളമുണ്ടിവനു മോഹമതൊന്നു കേൾ, ഞാൻ

മണ്ണായിടും വരെയുമെന്നെ നീ വിട്ടു പോകാ.

വ്രജ്യയാത്ര; സൈകതംമരുഭൂമി; പുളകിതം – ആനന്ദം; ദ്യോവ് – ആകാശം; താവ് - ദുഃഖം; താവാറ്റാൻ - ദുഃഖം മാറ്റാൻ; മക്കില്ല - മരിക്കില്ല