(ആശയത്തിന് സമൂഹമാദ്ധ്യമത്തിൽ കണ്ട ഒരു പോസ്റ്റിനോട് കടപ്പാട്. ആരാണു കർത്താവെന്നറിയില്ല. അതു ഗദ്യത്തിലായിരുന്നു, ഈയുള്ളവൻ അത് പദ്യത്തിലാക്കി, അത്രയേയുള്ളൂ. ഇതിൽ വേറെ അർത്ഥമൊന്നും കാണരുതെന്നപേക്ഷ.)
പണ്ടു ഭൂപതിയൊരിക്കൽ രാജ്യഭരണവ്യഥയ്‌ക്കൊരു
വിരാമമായ്-
ക്കണ്ടു മാർഗ്ഗമിതു മീൻപിടിക്ക,
തരമാക്കി കേമമൊരു ചൂണ്ടയും
കൊണ്ടൽ കണ്ടു മഴ തൻറെ സാദ്ധ്യതയരക്ഷണത്തിലറിയിക്കുവാൻ
മണ്ടിയെത്തി സമയസ്ഥിതിപ്രമുഖനോതി,"യില്ല
മഴ, മന്നവാ."
പാർത്ഥിവൻ പ്രിയയുമൊത്തുടൻ
തുരഗമേറിയോടി തടിനീതലേ
എത്തിയില്ല വഴി പാതിപോലു,
മഥ കണ്ടു ദാശനതിദുഃഖിതൻ
ഗർദ്ദഭച്ചുമലിലേറിയശ്രു
കിനിയും മിഴിദ്വയവുമായിതേ
പോയിടുന്നു ഭവനത്തിലേ,
ക്കവനെ നിർത്തി രാജകുലധീവരൻ.
"എന്തിനേ തിരികെയോടിടുന്നു,
ഝഷമൊട്ടുമില്ല തവ കൂടയിൽ?"
ചൊല്ലി ദാശനതിയായ ഖേദമൊടു,
"രാജ, വർഷമതു വന്നിടും".
"വർഷമൊന്നുമണയില്ലയെന്നു
ദൃഢമായുറപ്പിത തരുന്നു ഞാൻ
ചൊന്നതാരു? സമയസ്ഥിതീപ്രമുഖ,നില്ലയിന്നു
മഴ, നിശ്ചയം!"
ഒന്നു ഗർദ്ദഭനിരീക്ഷണത്തിനിടനൽകിയായവനനുത്തരം
വീട്ടിലേയ്ക്കു നട കൊണ്ടു, മന്നവനിരച്ചുപാഞ്ഞു പുഴ നോക്കിയും
ചൂണ്ടതന്നിലിര ചേർത്തു തോയമതിലിട്ടു ഭൂപതിയിരിക്കവേ
ആർത്തലച്ചു വരവായി മാരി,
തിരികെഗ്ഗമിച്ചു നൃപപത്നിമാർ.
കൊട്ടാരത്തിൽ കടന്നാൻ നൃപവരനുടനെക്ക്രുത്തിനാലന്ധനായി-
ത്തീട്ടൂരത്താൽ കൊടുത്തൂ പ്രമുഖനുടെ കരം തന്നിലാ
ടെർമിനേഷൻ
ഒട്ടും വൈകിച്ചിടാതേ നൃപനവിടെ വരുത്തീ മഹാൻ
ധീവരന്നെ-
പ്പാട്ടും പാടിക്കൊടുത്തൂ പ്രമുഖനുടെ പദം,
"നീയിതിന്നെത്ര യോഗ്യൻ!"
തീട്ടൂരം കിട്ടി, യെന്നാലതികഠിന ഭയം മൂലമാ
ദാശവീരൻ
പൊട്ടിച്ചൂ തൻ രഹസ്യം, "പ്രവചനമതു തൻ
ഗർദ്ദഭം തൻറെയത്രേ!
പൊട്ടന്മാരെന്നപോലേ ചെവികളിരുവതും താഴ്ത്തിയിട്ടെന്നുവന്നാൽ
കട്ടായം വർഷമുണ്ടാം, ചെവികൾ മുകളിലേക്കെങ്കിലോ
മാരിയില്ല!"
രാജൻ സന്തോഷമോടേ ഖരവരനെയുടൻ നിശ്ചയിച്ചൂ, നയിക്കാൻ
കാലാവസ്ഥയ്ക്കു വേണ്ടുന്നൊരു ഭരണവകുപ്പിൻറെ
നൽസ്തംഭമായി
അന്നാ രാജൻ തുടങ്ങീ ഹരവരനെയഹോ മന്ത്രിയാക്കീടുവാന-
പ്പാരമ്പര്യം നശിക്കാതതികഠിനതരം കാത്തിടുന്നിന്നു
നമ്മൾ.
**************
രാജ്യഭരണ ചുമതലകൾ നിറവേറ്റി മടുത്തപ്പോൾ അൽപ്പം വിനോദത്തിനായി രാജാവ് നദിയിൽ നിന്ന് മീൻ പിടിക്കാൻ പോകാൻ തീരുമാനിച്ചു. അന്ന് മഴ പെയ്യാൻ സാധ്യത ഉണ്ടോ എന്നറിയാൻ കൊട്ടാരത്തിലെ ആസ്ഥാന കാലാവസ്ഥാ വിദഗ്ദനെ വിളിപ്പിച്ചു.
കാലാവസ്ഥാ വിദഗ്ധൻ അന്ന് മഴ പെയ്യാൻ ഒരു സാധ്യതയും ഇല്ലെന്ന് രാജാവിന് ഉറപ്പ് നൽകി.
രാജാവ് രാജ്ഞിയും ഒത്ത് കുതിരപ്പുറത്ത് കയറി മീൻ പിടിക്കാൻ നദീതീരത്തേക്ക് യാത്രയായി.
പോകുന്ന വഴിയിൽ ഒരു മുക്കുവൻ ചൂണ്ടയും കൊണ്ട് കഴുതപ്പുറത്ത് എതിരെ വരുന്നത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം അയാളോട് എങ്ങിനെയുണ്ട് മീൻ പിടുത്തം എന്ന് അന്വേഷിച്ചു.
അയാൾ മറുപടി പറഞ്ഞു: തിരുമേനീ, അങ്ങ് കൊട്ടാരത്തിലേക്ക് തിരിച്ചു പോകണം. കാരണം ഉടൻ തന്നെ വലിയൊരു കൊടുങ്കാറ്റും പെരുമഴയും വരാൻ പോകുന്നു."
രാജാവ് പറഞ്ഞു: "എന്റെ ആസ്ഥാന കാലാവസ്ഥാ വിദഗ്ധൻ ഈ വിഷയത്തിൽ ഉന്നത ബിരുദം നേടിയ ആളാണ്. ഞാൻ നല്ല ശമ്പളം കൊടുത്താണ് അയാളെ ജോലിക്ക് വെച്ചിരിക്കുന്നത്. അയാൾ എനിക്ക് ഇതിന് നേരെ വിപരീതമായ ഒരു കാലാവസ്ഥാ പ്രവചനം ആണ് നൽകിയത്. എനിക്ക് അയാളെ നല്ല വിശ്വാസം ഉണ്ട്"
രാജാവും രാജ്ഞിയും നദിയിലേക്കുള്ള യാത്ര തുടർന്നു.
പക്ഷെ അധികം താമസിയാതെ തന്നെ കൊടുങ്കാറ്റും പെരുമഴയും ഉണ്ടായി, രണ്ടുപേരും നനഞ്ഞു കുതിർന്ന് കൊട്ടാരത്തിൽ തിരിച്ചെത്തി.
കുപിതനായ രാജാവ് ആദ്യം തന്നെ ആസ്ഥാന കാലാവസ്ഥാ വിദഗ്നെ പിരിച്ചു വിടാനുള്ള ഉത്തരവ് കൊടുത്തു.
അതിന് ശേഷം മുക്കുവനെ വരുത്തി ആസ്ഥാന കാലാവസ്ഥാ വിദഗ്ധന്റെ ജോലി അയാൾക്ക് ഓഫർ ചെയ്തു.
മുക്കുവൻ പറഞ്ഞു: "തിരുമേനി, എനിക്ക് കാലാവസ്ഥയെ കുറിച്ച്ഒന്നും അറിയില്ല. ഞാൻ എന്റെ കഴുതയിൽ നിന്നാണ് കാലാവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നത്. കഴുതയുടെ ചെവി താഴ്ന്ന് കിടന്നാൽ അന്ന് തീർച്ചയായും മഴ പെയ്യും. ഉയർന്ന് നിന്നാൽ നല്ല കാലാവസ്ഥയും ആയിരിക്കും"
രാജാവ് കഴുതയെ ആസ്ഥാന കാലാവസ്ഥാ വിദഗ്ധനായി ഉയർന്ന ശമ്പളം നൽകി നിയമിച്ചു.
അങ്ങിനെയാണ് കഴുതകളെ സർക്കാരിലെ പ്രധാന ജോലികളിൽ നിയമിക്കുന്ന പതിവ് തുടങ്ങിയത്.
ഇന്നും ആ പാരമ്പര്യം തുടരുന്നു.....😂
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ