2020, ജൂൺ 10, ബുധനാഴ്‌ച

അനാമൻ


(അക്ഷരശ്ലോക സദസ്സിൽ വന്നു പെട്ടുപോയ ഒരു പാവം വൃത്തമില്ലാക്കവിത!)

വൃത്തം തന്നിലിരുന്നു വൃത്തഗണമക്കാവ്യങ്ങൾ  ചൊല്ലീടവേ
മത്താൽ കാഴ്ച്ച മറഞ്ഞപോലെയൊരുവൻ പുക്കാൻ സഭക്കുള്ളിലായ്
പാർത്താലെത്ര വിചിത്രരൂപ,  മഹഹോ  കഷ്ടം, വിരിഞ്ചൻ വൃഥാ
ക്രുത്താൽ തപ്ത മനസ്സുകൊണ്ടു ധൃതിയിൽ സൃഷ്ടിച്ചിതോ സാധുവേ? 

ചൊന്നാൽ, മാനവനെന്നു പാർക്കുക മഹാ കഷ്ടം, മൃഗം പാതിയോ?
ഒന്നേ മാനുഷനേത്ര സൃഷ്ടി, യപരം ഗോനേത്രമോ, ദൈവമേ!
കന്നിൻ കാലുകളെന്നു തോന്നുമൊരുവൻ കണ്ടാൽ, കുളമ്പുണ്ടഹോ,
എന്തിന്നിങ്ങനെ ദുഃഖ ജന്മമതിനെച്ചെയ്തൂ, സുമസ്സംഭവൻ?

"ആട്ടേ, ചൊല്ലുക, യെന്തിനായിഹ കടന്നെത്തീ സഭക്കുള്ളിലാ-
യൊട്ടും താമസിയാതെയോതുക ഭവാൻ തൻ നാമമെന്തെന്നതും.”
കോട്ടം തട്ടിയ ജിഹ്വ കൊണ്ടൊരു വിധം ചൊല്ലീയിതാവേശികൻ,
"കഷ്ടം, നാമമിവങ്കലില്ല, ചെവിയിൽ ചൊല്ലാൻ മറന്നൂ, പിതാ."

"മോഹം മൂലമണഞ്ഞു ഞാ,നിവിടെയിക്കാവ്യോത്സവത്തിങ്കലായ്
ദാഹം ചെറ്റു ശമിപ്പതിന്നൊരുവിധം പദ്യങ്ങളോതീടണം."
"മോഹം കൊണ്ടൊരു കാര്യമില്ല സഹജാ, കാവ്യങ്ങൾ ചൊല്ലീടുവാ-
നൂഹം കൊണ്ടൊരു നാമമെങ്കിലുമതിന്നാവശ്യമാണെത്രയും."

മുറ്റുന്നാശയൊടാഗതൻ സവിനയം നോക്കി, സ്സഭാംഗങ്ങളോ-
ടിറ്റുന്നശ്രുഗണത്തെ നീക്കിയഥുനാ വീർപ്പോടെ ചൊല്ലീടിനാൻ, 
"പറ്റിപ്പോയി വിരിഞ്ചനന്നൊരുദിനം തെ, റ്റെന്നെ സൃഷ്ടിക്കവേ,
കുറ്റം ചാർത്തിടുകെന്നിലല്ല, സഖരേ, ഞാൻ പീഡിതൻ സന്തതം.”       

"ഞങ്ങൾക്കുണ്ടതിദുഃഖമെങ്കിലുമിതിൻ ചട്ടങ്ങൾ പാലിക്കവേ-
യെങ്ങാനും ചെറുവീഴ്ച്ച വന്നിടുകിലോ ഘോരാപരാധം, സഖേ."
വിങ്ങും ചിത്തമൊടൊട്ടു ചിന്തയുയരും മട്ടാഗതൻ സാദരം
തിങ്ങും ഗദ്ഗദമോടെ സഭ്യരവർ തൻ നാമങ്ങൾ ചോദിച്ചു പോയ്!

“സംസാരം, ഹരി,  പുഷ്പിതാഗ്ര, ഹരിണീ, മത്തേഭസംജ്ഞം, പുടം,
പദ്യം, ശാലിനി, യിന്ദ്രവജ്ര, ലളിതം, ശാർദ്ദൂലവിക്രീഡിതം,
മന്ദാക്രാന്ത, വിയോഗിനീ, ശിഖരിണീ, പത്ഥ്യാര്യ, മന്ദാകിനീ,
പൃത്ഥ്വീ, സ്രഗ്ദ്ധര, മഞ്ജുഭാഷിണി, ശിവം,  ലീലാകരം, സൗരഭം.”

ഇത്ഥം പേരുകൾ കേട്ടുടൻ മതി മറന്നൊട്ടൊട്ടു കണ്ണീർക്കണം
വീഴ്ത്തിക്കൊണ്ടു മടങ്ങി നാമരഹിതൻ മത്തേഭതുല്യം പദാൽ
ചിത്തം ദുഃഖനിലീനമെങ്കിലുമഹോ ചൊല്ലിത്തുടങ്ങീ പുനഃ
ശുദ്ധം ഗീതികൾ വൃത്തബന്ധിതമുടൻ, കാവ്യസ്സഭായാം, ഹരേ.

2020, ജൂൺ 4, വ്യാഴാഴ്‌ച

വിട!



അമ്പലപ്പാറയിൽ, പടക്കം അടങ്ങിയ കൈതച്ചക്ക കടിച്ചു ഗുരുതരമായി പരിക്കേറ്റ്
2020 മെയ് 27നു  ചരിഞ്ഞ ഗർഭിണിയായ ആന 


















ഞാൻ ആരാണെന്നു നിനക്കറിയില്ല
എൻറെ കുട്ടികളെ  നിനക്കറിയില്ല
എൻറെ കുടുംബത്തെ നിനക്കറിയില്ല
ഞാൻ എവിടുന്നു വന്നു, എവിടേക്കു പോകുന്നു
ഒന്നും നിനക്കറിയില്ല

നിനക്കു വേണ്ടിയിരുന്നത് ഒരു നിമിഷത്തെ സന്തോഷം
പൈശാചികമായി പൊട്ടിച്ചിരിക്കാൻ ഒരവസരം
സുഹൃത്തുക്കളോടു പറഞ്ഞു രസിക്കാൻ ഒരു നിമിഷം
അതു മാത്രം

എൻറെ വായിൽ നിൻറെ വിനോദം പൊട്ടിച്ചിതറിയപ്പോൾ
എൻറെ കവിളുകളും നാക്കും ഛിന്നഭിന്നമായപ്പോൾ
എൻറെ ദേഹവും ഉള്ളിൽ തുടിക്കുന്ന ജീവനും
പടക്കത്തിൻറെ അഗ്നിയിൽ വെന്തുരുകിയപ്പോൾ
ഞാൻ പ്രാണവേദനകൊണ്ട് അലറി വിളിച്ചപ്പോൾ

നീ ചിരിച്ചു, ആർത്താർത്തു  ചിരിച്ചു
കൈകൾ കൂട്ടിത്തിരുമ്മി നീ ആസ്വദിച്ചു
മേശമേൽ കൈകൾ ഇടിച്ച് നീ ആഘോഷിച്ചു
ഒരു വലിയ കാര്യം ചെയ്തെന്ന് നീ അഹങ്കരിച്ചു

എവിടേക്കെന്നും എന്തിനെന്നും അറിയാതെ ഞാൻ
പ്രാണരക്ഷാർത്ഥം ഓടി മറഞ്ഞപ്പോൾ
ഇന്നുവരെ അറിയാത്ത കഠിന യാതനകളിൽ
ഞാൻ മുങ്ങിയപ്പോൾ, ശ്വാസം മുട്ടിയപ്പോൾ

അപ്പോഴേക്കും നീ എല്ലാം മറന്നിരുന്നു
നിനക്കു വേണ്ടിയിരുന്നത് നിമിഷാർത്ഥ സന്തോഷം
അതു നിനക്കു ലഭിച്ചു കഴിഞ്ഞിരുന്നു
നീ എന്നെ മറന്നു, എൻറെ വേദനകൾ മറന്നു
എൻറെ ഉള്ളിൽ തുടിക്കുന്ന ജീവനെ മറന്നു

ഒരിറ്റു ജലം ഗ്രഹിക്കാനാകാതെ
പച്ചിലയുടെ ഒരു തുമ്പ് ചവക്കാനാകാതെ
ഞാൻ പാഞ്ഞു നടന്നു

ചുറ്റുമുള്ളത് നാടോ കാടോ എന്നറിഞ്ഞില്ല
കൂടെയുള്ളത് മനുഷ്യനോ മൃഗമോ എന്നറിഞ്ഞില്ല
അറിഞ്ഞത്, അനുഭവിച്ചത്, ഒന്നു മാത്രം
വേദന, അസഹ്യമായ വേദന
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദന

ഒരു നിമിഷത്തേക്ക്, ഒരൊറ്റ നിമിഷത്തേക്കെങ്കിലും 
ദുസ്സഹമായ വേദനയിൽ നിന്നു മുക്തി
തരണമേയെന്നു ഞാൻ നിശ്ശബ്ദമായി പ്രാർത്ഥിച്ചു

വായിലെ വ്രണം പഴുത്തപ്പോൾ
പുഴുക്കൾ അരിച്ചിറങ്ങിയപ്പോൾ
ഉള്ളു മുഴുവൻ ദ്രവിച്ചില്ലാതായപ്പോൾ
പ്രാണവേദനയിൽ നിന്നു മുക്തിയില്ലെന്നു മനസ്സിലായപ്പോൾ
എൻറെ ഉള്ളിലെ ജീവൻറെ തുടിപ്പു നിലച്ചു തുടങ്ങിയപ്പോൾ 

ഒരൽപ്പം ആശ്വാസത്തിനു വേണ്ടി,
അങ്ങനെയൊരു തോന്നലിനെങ്കിലും വേണ്ടി
ഞാൻ ജലസമാധിയിൽ ലയിക്കട്ടെ

ജലദേവനോടു നിശ്ശബ്ദമായി യാചിച്ചു
ഒരൽപ്പം ആശ്വാസം തരൂ

ഇനി ഞാൻ പോകട്ടെ

എന്നെയും നിന്നെയും സൃഷ്ടിച്ചവരുടെ ലോകത്തേക്ക്
സ്വാർത്ഥത ജീവിതചര്യയാക്കാത്തവരുടെ ലോകത്തേക്ക്
അഹങ്കാരം സ്വഭാവമാക്കാത്തവരുടെ ലോകത്തേക്ക്
അപരൻറെ ദുഃഖം ആഘോഷിക്കാത്തവരുടെ ലോകത്തേക്ക്
സ്നേഹിക്കാൻ മാത്രം അറിയാവുന്നവരുടെ ലോകത്തേക്ക്

ഇനി ഞാൻ പോകട്ടെ

വിട!