2024, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഈറൻ സന്ധ്യ

  

ഞാൻ എട്ടാം നിലയുടെ ടെറസ്സിൽ.

അങ്ങകലെ,

എന്നാൽ തൊട്ടടുത്ത്,

ചുവന്നു തുടുത്ത അസ്തമന സൂര്യൻ.

 

സൂര്യനെ നോക്കി നിൽക്കുമ്പോൾ

അവൾ വരും.

എൻറെ കൂട്ടുകാരി,

സന്ധ്യ, ഈറൻ സന്ധ്യ.

എന്നെ ആലിംഗനം ചെയ്യും.

ഹായ്, എത്ര സുഖം.

ചുവന്നു തുടുത്ത മുഖം,

അതിൽ നിറങ്ങൾ മാറി വരും

മഞ്ഞ, പച്ച, നീല, കുങ്കുമം.

അവളുടെ ചിരിയുടെ മാധുര്യം

അനിർവ്വചനീയം.

 

അവളോടൊത്തു പറന്നു നടക്കും

ഇണപ്പക്ഷികളെപ്പോലെ.

ആസകലം കുങ്കുമം പൂശി നിൽക്കുന്ന

അസ്തമന സൂര്യൻറെ ഭംഗി ആവോളം ആസ്വദിക്കും.

ചേക്കേറുന്ന പക്ഷികളെ അനുഗമിക്കും

അവയുടെ കളകളാരവത്തിൽ മതി മറക്കും.

മന്ദമാരുതൻ ഞങ്ങളെ പുൽകും.

 

പകലത്തെ വെയിൽ ഏറ്റു തളർന്ന

വൃക്ഷങ്ങളും ചെടികളും

വിശ്രമിക്കാൻ തുടങ്ങും.

നിരനിരയായി നിൽക്കുന്ന പൂച്ചെടികൾ

പിറ്റേന്നു വിരിയേണ്ട മൊട്ടുകളെ ആശ്വസിപ്പിക്കും

മൊട്ടുകൾക്കറിയാം, അന്ത്യനാൾ അടുത്തെന്ന്.

 

ചൂടുകാലത്ത് സന്ധ്യ ഈറനായല്ല,

വിയർത്തൊലിച്ചാണു വരവ്.

എങ്കിലും ആ സൗന്ദര്യത്തിന് ഒട്ടും കുറവില്ല

ആലിംഗനം എന്നത്തേയും പോലെ

ആസ്വാദ്യകരം തന്നെ.

 

തണുപ്പുകാലത്താണെങ്കിലോ,

നനഞ്ഞു കുതിർന്നാണു വരിക.

വെള്ളം ഒലിച്ചു ചാടുന്നുണ്ടാകും.

മന്ദമാരുതൻറെ തലോടലിൽ 

ആകമാനം വിറയ്ക്കും.

 

എങ്കിലും അവളുടെ സാമീപ്യം,

ആലിംഗനം, മന്ദഹാസം,

കണ്ണുകളിലെ കുസൃതി,

എല്ലാം സ്വർഗ്ഗീയാനുഭൂതി സമ്മാനിക്കും.

 

പക്ഷെ, അവളുടെ സാമീപ്യം

ഈയാംപാറ്റകളുടെ ജീവിതം പോലെ

ക്ഷണഭംഗുരമാണ്.

ദാഹം ശമിക്കുന്നതിനു മുമ്പേ,

വിശപ്പ് ആറുന്നതിനു മുമ്പേ,

അവളുടെ സാമീപ്യത്തിൽ മുഴുകിയിരിക്കുമ്പോൾ,

അവൾ യാത്ര പറയും.

 

ജ്യേഷ്‌ഠസഹോദരിയായ രജനിയുടെ വരവ്

അതിൻറെ സൂചനയാണ്.

രജനിയുടെ കയ്യിൽ എന്നെ ഏല്പിച്ചിട്ട്

അവൾ മാഞ്ഞു പോകും,

ഒരു മഞ്ഞുതുള്ളി പോലെ.

 

കണ്ണുകൾ കലങ്ങും,

തൊണ്ട ഇടറും,

ദേഹം തളരും.

 

ഇനി നാളെ.

 

പ്രതീക്ഷയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ