2024, ഒക്‌ടോബർ 9, ബുധനാഴ്‌ച

ലൈക് തരൂ!

ഈ പോസ്റ്റു കണ്ടിതു മഹത്തരമായിരിക്കു-

മെന്നാരുമേ കരുതി മോഹമുണർത്തിടേണ്ട

ലൈകാനു, മല്ലൊരു കമന്റു പറഞ്ഞിടാനു-

മെന്നല്ല, പങ്കിടുക ചെയ്തിടുവാനുമായി

 

പോസ്റ്റുന്നു ഞാനിവളെയെന്നുടെ ബ്ലോഗു തന്നിൽ

ഞാനംഗമായ ചില സംഘ ഗണത്തിലേക്കും

വായിച്ചു ലൈക്കുക, കമന്റുക, മാത്രമല്ലാ

പോസ്റ്റീടണം തവ മഹത്തരമായ ഗ്രൂപ്പിൽ

 

എൻ ദേഹി ചെല്ലുവതുമുണ്ടു യമൻറെ മുമ്പിൽ

ഗുപ്തൻ പറഞ്ഞിടുമിതൊട്ടൊരു പുച്ഛമോടെ

ഫേസ്ബുക്കിലായവനു പോസ്റ്റുകളേറെയുണ്ടേ

ലൈക്കെങ്കിലില്ല മഠയന്നൊരു നൂറു പോലും

 

ഏതാണു ജീവിയിവനെന്നു പകച്ചു നോക്കും

കാലന്നു പുച്ഛ, മതിലേറെ വെറുപ്പുമുണ്ടാം

ഈ പൊട്ടനേകുക കടുത്തൊരു ശിക്ഷ തന്നേ

നല്ലോരു പാഠമതു മാനവനായിടട്ടെ

 

വെട്ടിത്തിളച്ചിടുമമായികമായ സ്നേഹം

തന്നിൽക്കിടന്നു വലയൂ ദശലക്ഷ വർഷം

ഫേസ്ബുക്കിലിങ്ങു ശത ലൈക്കുകൾ പോലുമില്ലാ-

താരെങ്കിലും വരികിൽ ശിക്ഷ കടുത്തതത്രേ

 

കേട്ടീടുകെൻറെ പ്രിയ കൂട്ടരെ, ഞാൻ പിടിക്കാ-

മക്കാലുകൾ, തരിക ലൈക്കു, കമന്റു ഷേറും

സൗജന്യമായ സഹകാര്യമിവന്നു വേണ്ടാ

തന്നീടുവൻ വിതറിടുന്നതുപോലെ ലൈക്കും!

 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ