2019, ഒക്‌ടോബർ 9, ബുധനാഴ്‌ച

കൊച്ചനുജത്തിക്ക് കൊച്ചേട്ടൻറെ ഷഷ്ട്യബ്ദപൂർത്തി ആശംസകൾ!

(2019 ജൂലൈ 30-ന് പൊത്തോപ്പുറം എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്) 

ഷഷ്ട്യബ്ദമായ് മമ കനിഷ്ഠ സഹോദരിക്കെ-
ന്നൊട്ടും വിചാരമിയലില്ല ഹൃദന്തരേ മേ
പൊട്ടിച്ചിരിച്ചു വിഹരിച്ചു വശം കെടുത്തും
കുട്ടിഗ്ഗിരീജയുടെ നന്മുഖമെൻ മനസ്സിൽ

ഓടീടുവാനഥ തിരക്കു പിടിച്ചു പള്ളി-
ക്കൂടേതിരഞ്ഞു പല നാൾകളിലന്നു ചീപ്പ്
പാടോടെ ഞാനതു തിരഞ്ഞു പിടിച്ചിടുമ്പോൾ
കൂടോടെ കണ്ടിടുമതിങ്കൽ മുടി പ്രവാഹം

ചൊല്ലേണമോ പുകിലു ഞാനതെടുത്തു കാട്ടി-
പ്പൊല്ലാപ്പു പിന്നെയുമണച്ചിടുമെത്രമാത്രം
തല്ലീടുവാനരിശമോടെയണഞ്ഞിടുമ്പോൾ
"ഇല്ലേ നിനക്കു ക്ഷമ?" അമ്മയിടക്കു കേറും

ക്രോധം മുതിർന്നവനു വന്നിടുകെങ്കിലെന്തു
യോധം തനിക്കിളയ സോദരിമാർക്കു നേരെ!
ആധിക്കു നീയടിമയായൊരു വേളയിങ്കൽ
ക്രോധിച്ചു വാതിലു കടിച്ചതുമോർമ്മയുണ്ടോ?

എൻ കൊച്ചു സോദരിയിതേറെ വളർന്നുവല്ലോ
തങ്കം കണക്കു ചെറു മക്കളു മൂന്നു പേരായ്
തൻ കാന്തനൊത്തു സസുഖം ദശവത്സരങ്ങൾ
പങ്കിട്ടു വാഴുവതിനീശ കടാക്ഷമുണ്ടാം

നിൻമക്കളൊത്തു മരുമക്കളുമൊത്തു പിന്നെ
നൻമുക്തമാം സുതതനൂജരുമൊത്തുകൂടി
സമ്മിശ്രമായ് സുഖ സമൃദ്ധികൾ നിന്നെ മൂടാൻ
ചെമ്മേ ശിവാത്മജയനുഗ്രഹമേകിടട്ടെ!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ