8 ഫെബ്രുവരി 2021
എങ്ങോട്ടാ, ണെന്തിനാണെന്നൊരു ചെറു വിവരം പോലുമില്ലാത്ത വ്രജ്യേ,
വിങ്ങീടും മാനസത്തോടൊരു വഴി തെളിയാനായി മോഹിച്ചു നിൽക്കേ,
തിങ്ങീടും തോഷമോടേയൊരു പെരുമഴയായെത്തി നീ സൈകതത്തിൽ
പൊങ്ങീടും സ്നേഹവായ്പാൽ പുളകിതശിഖരത്തിങ്കലന്നെത്തി നമ്മൾ.
പിന്നീടും യാത്ര ചെയ്തൂ പലവഴി, പലരെക്കണ്ടു നാമേകഹൃത്താൽ
മൂന്നത്രേ മക്കളുണ്ടായ്, നടുവിലെ സുതയേ വിഷ്ണു കൈപ്പറ്റിയല്ലോ
എന്നാളും തോഷമേകാൻ തനയരിരുവരെത്തന്നു വിശ്വേശ്വരൻ, മു-
ക്കണ്ണൻ തന്നിംഗിതത്താൽ ജനിതനൊരുവനെപ്പൗത്രനായ് ലഭ്യമായീ.
ദ്യോവോളം പ്രേമമൊന്നായിടതടവറിയാതേകി നാമെന്നുമെന്നും
ആവോളം സൗഖ്യമോടേയിരുവരുമൊരുമിച്ചാസ്വദിച്ചൂ ഋതുക്കൾ
ഭീ വായ്ക്കും ജീവിതത്തിന്നിടയിലിടറവേയെൻറെ കൈ നീ പിടിച്ചൂ
താവാറ്റാനെന്നുമെന്നും, തവ പരിചരണം ചെയ്യുവാൻ, ഞാനുമുണ്ടാം.
വക്കാണം തീരെയില്ലെന്നൊരു ഗിരമുര ചെയ്തീടുകില്ലെങ്കിലും കേൾ
നിൽക്കാതേ പെയ്തുപോകുന്നൊരു ചെറുമഴയായ്ത്തീരുമാ ശാഠ്യമെല്ലാം
ഒക്കില്ലാ നീയെനിക്കോ പ്രിയതമയതിനാൽ ശണ്ഠയിട്ടീടുവാനായ്
മക്കില്ലാ നിന്നൊടുള്ളോരിവനുടെ പ്രണയം ജീവിതാന്ത്യം വരേയ്ക്കും.
എന്നേയ്ക്കുമായിരു മനസ്സുകളേകമായി-
ട്ടിന്നേക്കു നാലു ദശവത്സരമായി പൂർണ്ണം
കുന്നോളമുണ്ടിവനു മോഹമതൊന്നു കേൾ, ഞാൻ
മണ്ണായിടും വരെയുമെന്നെ നീ വിട്ടു പോകാ.
വ്രജ്യ – യാത്ര; സൈകതം – മരുഭൂമി; പുളകിതം – ആനന്ദം; ദ്യോവ് – ആകാശം; താവ് - ദുഃഖം; താവാറ്റാൻ - ദുഃഖം മാറ്റാൻ; മക്കില്ല - മരിക്കില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ