2022, ജൂലൈ 11, തിങ്കളാഴ്‌ച

കസേരത്തുണിയും കവിതയും

01-06-2022


കസേരത്തുണി

എന്നും പൃഷ്ഠമമർത്തിയെന്നിലമരും വിപ്രൻ മഹാധൃഷ്ടനാ-

നെന്നോ"ടെന്തു വിശേഷ"മെന്നിതുവരെ ചോദിച്ചതേയില്ലഹോ

എന്നാലെന്നുടെ കാര്യമന്നൊരു ദിനം തെര്യപ്പെടുത്തേണമെ-

ന്നെന്നിൽ മോഹമുദിച്ചു, തുന്നൽ വിടുവിച്ചപ്പോൾ മഹാൻ ധീം ധ ധീം!

 

കവിത

 തുന്നിക്കൂട്ടിയ പാഴ്ത്തുണിക്കഷണവും പൊട്ടീട്ടതിന്മൂലമായ്

പൃഷ്ഠം കുത്തി നിലത്തു വീണു, " ഹാ" കേഴും ദ്വിജൻ തന്നിലും

"എന്താണെ"ന്നു പരിഭ്രമിച്ചുടനെയാ വിപ്രൻറെ ചാരത്തണ-

ഞ്ഞേറ്റം ഹാസമുതിർത്തിടുന്ന വധുവിൻ ഭാവത്തിലും കാവ്യമാം.

 

കവിതയുണ്ടു പൊളിഞ്ഞ കസേരയിൽ

കവിതയുണ്ടു മുറിഞ്ഞൊരു ചേലയിൽ

കവിതയുണ്ടു ദ്വിജന്നുടെ വീഴ്ചയിൽ

കവിതയുണ്ടു ജഗത്തിലിതെങ്ങുമേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ