15–29/08/2023
ചിറ്റയുമൊപ്പോളു മേടത്തിയും പുന-
രേട്ട, നനുജത്തി, യീയുള്ളവന്നുമായ്
ഏഴുദിനങ്ങളിലായിട്ടിതേറ്റവും
പാവനമായ രാമായണ ഗ്രന്ഥത്തെ
വായിച്ചനുഭവിച്ചിട്ടു സമർപ്പിച്ച-
തിന്നലെ സായന്തനത്തിലനാകുലം.
ഇന്നു പുലർച്ചെയെഴുന്നേൽക്കുന്നതിൻ മുന്ന-
മെൻ്റെ മനസ്സു ചൊന്നെന്നോടു സസ്മിതം
‘രാമായണ കഥ ചൊല്ലുക വേണമേ
സംക്ഷിപ്തമായിട്ടു നീയതിവേഗേന.’
ആയതിനായി ശ്രമിക്കുന്നു നിസ്സാര -
നായൊരെന്നെത്തുണച്ചീടണേ ദൈവമേ!
ശ്രീരാമദേവനും ശ്രീഹനൂമാനുമെ-
ന്നുള്ളിൽ വിളങ്ങിയനുഗ്രഹിക്കേണമേ!
ശ്രീഗണനായകൻ, വാണീ ഭഗവതി
ശ്രീഭദ്രകാളിയുമുളളിൽ വസിക്കണേ!
അമ്മയേയും പുനരച്ഛനേയും ഗുരു-
കാരണവന്മാരെയും സ്തുതി ചെയ്യുന്നേൻ.
പണ്ടയോദ്ധ്യാപുരി വാണു ദശരഥൻ,
മുന്നം പ്രജാഹിതമൊക്കെ മാനിപ്പവൻ
പത്നിമാർ മൂന്നു പേർ കൌസല്യ, കൈകേയി
പിന്നെ സുമിത്രയുമായിട്ടു വാഴവേ
പുത്രരില്ലാത്ത ദു:ഖത്തെയകറ്റുവാൻ
“പുത്രകാമേഷ്ടിയാഗം നടത്തീടണം”.
സൂര്യകുലഗുരുവായ വസിഷ്ടനും
ചൊന്നാ, നതിനായ് മഹാമുനിയാകിയ
ഋഷ്യശൃംഗൻ തന്നെ വേഗം വരുത്തിച്ചു
യാഗവും നന്നായ് നടത്തി മുനീശ്വരൻ
യാഗസമാപ്തിയിലഗ്നികുണ്ഡത്തിൽ നി-
ന്നുത്ഭൂതനായഗ്നിദേവൻ, മഹാരഥൻ
ഏറ്റം വിശിഷ്ടമായ് ദൈവീകമായുള്ള
പായസം രാജന്നു നൽകിയരുളിനാൻ
“നിൻ പത്നിമാർക്കു നൽകീടുകിപ്പായസം
പുത്രരുണ്ടാകുമതിനില്ല സംശയം.”
രാജനതീവസന്തുഷ്ടനായ് നൽകിനാൻ
പായസം പപ്പാതി വീതിച്ചിരുവർക്കായ്
കോസലപുത്രിയും കേകയപുത്രിയും
പപ്പാതി വീതം സുമിത്രയ്ക്കു നൽകിനാർ
കാലം കടക്കവേ രാജ്ഞിമാർ മൂവരും
ഗർഭം ധരിച്ചു, രാജ്യം പുളകം കൊണ്ടു.
കൗസല്യാദേവി രാമന്നു ജന്മം നൽകി,
കേകയപൗത്രൻ ഭരതനും ജാതനായ്.
സൗമിത്രിയായിപ്പിറന്നിതു ലക്ഷ്മണ-
നാദ്യം, പിറന്നു ശത്രുഘ്ന,നനുജനായ്
ശസ്ത്രശാസ്ത്രങ്ങളിലഭ്യസനം ചെയ്തു
പ്രാവീണ്യമുൾക്കൊണ്ടു നാലുകുമാരരും.
ബ്രഹ്മർഷിയായ വിശ്വാമിത്രനുണ്ടായ
ദുഃഖത്തെ മാറ്റി രക്ഷിച്ചിതു യാഗവും.
താടകയെക്കൊല ചെയ്തോരനന്തരം
മോക്ഷമഹല്യക്കു നല്കീ രഘുവരൻ.
ശൈവചാപത്തെയും ഖണ്ഡിച്ചു ജാനകി
തന്നെയും വേട്ടു വിരവോടു രാമനും
ക്ഷോണിജ തന്നുടെ സോദരിമാരെയും
രാമാനുജന്മാർ വരിച്ചു യഥാക്രമം.
ഭാർഗ്ഗവരാമൻറെ ദർപ്പം ശമിപ്പിച്ച-
യോദ്ധ്യാപുരം പുക്കു വാണിതെല്ലാവരും
പണ്ടു സുരാസുരയുദ്ധം നടക്കവേ
കൈകയി തന്നെ രക്ഷിച്ചതിൽ മോദിച്ചു
രണ്ടു വരമന്നു നൽകീ ദശരഥൻ
ചോദിച്ചു കാന്തയാ രണ്ടു വരങ്ങളും
രാജ്യം കൊടുക്കുക വേണം ഭരതനും
കാനനവാസം വരിക്കണം രാമനും
രാമനും സീതയും ലക്ഷ്മണൻ താനുമായ്
കാനനം പുക്കങ്ങു വാഴും ദശാന്തരേ
ഘോരനായോരു വിരാധ നിശാചരൻ
തന്നെയും കൊന്നു പാലിച്ചിതു ഭൂമിയെ.
രാവണസോദരി ശൂർപ്പണഖയ്ക്കെഴും
ഗർവ്വവും തീർത്തു ശിക്ഷിച്ചിതു രാഘവൻ
മാനായി വന്നൊരു മാരീചനെയൊട്ടൊ-
രസ്ത്രമയച്ചു വധിച്ചു രഘൂത്തമൻ.
രാവണൻ സീതയെ മോഷ്ടിച്ചുകൊണ്ടുപോയ്
ലങ്കാപുരിയിങ്കൽ ബന്ധിച്ചു സത്വരം
രാമനും സുഗ്രീവനും തമ്മിലുണ്ടാക്കി
സഖ്യമതിനാൽ വധിച്ചിതു ബാലിയെ.
പിന്നെ ഹനുമാൻ കടൽ കടന്നമ്പോടു
ലങ്കാപുരി പുക്കു സീതയെ ദർശിച്ചു.
രാവണപുത്രനാമക്ഷകുമാരനെ
താഡിച്ചു കൊന്നു, ദഹിപ്പിച്ചു ലങ്കയും.
രാവണസോദരനായ വിഭീഷണൻ
ശ്രീരാമപാദത്തിലാശ്രയം തേടിനാൻ
വാനരർ ബന്ധിച്ച സേതുവിൻ മൂലമായ്
ലങ്കാപുരിയെത്തി വാനരസൈന്യവും
ഏറ്റവും ക്രുദ്ധനായ് വന്ന നിശാചരൻ
കുംഭകർണ്ണന്നെ വധിച്ചു രഘൂത്തമൻ.
ഇന്ദ്രനെ വെന്നോരു മേഘനാദൻ തന്നെ
സൗമിത്രി കാലപുരത്തിങ്കലെത്തിച്ചു.
കൂട്ടരും സേനയുമെല്ലാം നശിച്ചോരു
രാവണൻ തന്നെ വധിച്ചിതു രാമനും.
പിന്നെ വിഭീഷണൻ തന്നെ ലങ്കാപുരി
തന്നുടെ നാഥനായ് വാഴിച്ചനാരതം
സീതയെ വീണ്ടെടുത്തെത്രയും മോദമോ-
ടെത്തിയയോദ്ധ്യയിൽ ദാശരഥിവരൻ.
പിന്നെയയോദ്ധ്യാപുരി തൻറെ നാഥനായ്
രാമനെ വാഴിച്ചു മോദാൽ വസിഷ്‌ഠനും.